District News
എടത്വ: കാലവര്‍ഷം കനത്തതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. സര്‍വീസ് റോഡുകളില്‍ വെള്ളം കയറി. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവുമാണ് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്. നദികളിലും തോടുകളിലും ഒന്നര അടിയിലേറെ വെള്ളം ഉയര്‍ന്നിരുന്നു.
കുട്ടനാട്ടില്‍ വെള്ളം ഉയര്‍ന്നതോടെ കിടങ്ങറ- നീരേറ്റുപുറം റോഡില്‍ മുട്ടാര്‍ സൗഹൃദയ ജംഗ്ഷനു സമീപത്തും താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളിലും വെള്ളം കയറി. സൗഹൃദയ ജംഗ്ഷനു സമീപം റോഡ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. വെള്ളം വീണ്ടും ഉയര്‍ന്നാല്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.
മുന്‍കാലങ്ങളില്‍ മുട്ടാര്‍-കിടങ്ങറ റോഡ് വെള്ളത്തില്‍ മുങ്ങുന്നത് പതിവായിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ സംഘടിച്ച് പലതവണ പ്രതിഷേധം നടത്തിയെങ്കിലും റോഡ് ഉയര്‍ത്താന്‍ മുന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
മഴയും കിഴക്കന്‍ വെള്ളവും എത്തുന്നതോടെ അപ്പര്‍ കുട്ടനാട്ടിലാണ് വെള്ളം ആദ്യം ഉയരുന്നത്. ഇക്കുറി തോട്ടപ്പള്ളി പൊഴി മുന്‍കൂട്ടി മുറിച്ചതിനാല്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് പിടിവിട്ട് ഉയര്‍ന്നിട്ടില്ല. വരും ദിവസങ്ങളില്‍ മഴ ശക്തമായാല്‍ അപ്പര്‍ കുട്ടനാടും മുങ്ങാന്‍ സാധ്യതയുണ്ട്.
ജലാശയങ്ങളിലെ ആഴംകൂട്ടല്‍ പദ്ധതി സമയബന്ധിതമായി നടന്നിരുന്നെങ്കില്‍ അപ്പര്‍-ലോവര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നു. രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ആഴം കൂട്ടല്‍ പദ്ധതി പുതിയ എംഎല്‍എ പ്രാവര്‍ത്തികമാക്കുമെന്നാണ് ജനങ്ങളുടെ പ്രത്യാശ.
District News
ചമ്പക്കുളം: എംഎൽഎ ആയാൽ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികൾക്ക് വീതിച്ചുനല്‍കുമെന്ന് കുട്ടനാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ. കേരളത്തിലെ മറ്റേതൊരു പ്രദേശത്തുമുള്ള ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തേക്കാൾ വലിയ ദുരിതവും കഷ്ടപ്പാടുമാണ് കുട്ടനാട്ടുകാർ അനുഭവിക്കുന്നത്.
അതിനാൽ കുട്ടനാടിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന വേതനവും അലവൻസുകളും സ്വന്തം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ധാർമികമായി ശരിയല്ല. അതുകൊണ്ട് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ശമ്പളവും ഇന്ധനം അടക്കമുള്ള മറ്റ് എല്ലാ ആനുകൂല്യങ്ങളും ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെങ്കിൽ അതും സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ല.
ഇത് കുട്ടനാട്ടിലെ കാൻസർ രോഗികൾക്കും അശരണർക്കായും മാറ്റിവയ്ക്കും. ഓരോ മാസവും ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആർക്കൊക്കെ നല്കി എന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Kerala
ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. വിശദമായ ഹിയറിംഗിന് ശേഷമാണ് റിട്ടേണിംഗ് ഓഫീസർ പത്രിക സ്വീകരിക്കാൻ തീരുമാനിച്ചത്. അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് സിപിഎം അറിയിച്ചു.
മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളി. തൊട്ടുപിന്നാലെ മറ്റ് രണ്ട് പത്രികകളിൽ എൽഡിഎഫ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
രാമൻചിറ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിന്റെ വിശദാംശങ്ങൾ മാത്രമാണ് ഈ പത്രികകളിൽ രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
District News
രാമങ്കരി: കുട്ടനാട് വീണ്ടുമൊരു പുഞ്ചക്കൊയ്ത്ത് സീസണിലേക്ക്. നെടുമുടി വൈശ്യംഭാഗം മണത്രകാട് പാടശേഖരത്ത് ഇന്ന് കൊയ്ത്തിന് തുടക്കം. കർഷകർ വല്ലാത്ത ആശങ്കയിൽ.
ഇപ്രാവശ്യം സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ നെല്ല് സംഭരിക്കുമെന്ന് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പറയുന്നുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കുക പ്രയാസമാണന്ന് ഇവർ പറയുന്നു. നെല്ല് സംഭരിക്കവാനും അത് മാസങ്ങളോളം സൂക്ഷിച്ചുവെയ്ക്കുവാനുമുള്ള സൗകര്യം കുട്ടനാട്ടിലെ എല്ലാ സഹകരണസംഘങ്ങൾക്കുമില്ല. പിന്നെയെങ്ങനെയാണ് ഇത് വിശ്വാസത്തിലെടുക്കാൻ കഴിയുക എന്നാണ് ഭൂരിഭാഗം വരുന്ന കർഷകരുടെയും പ്രധാന ചോദ്യം. കർഷകർ മാത്രമല്ല മിക്ക സഹകരണ സംഘങ്ങളും ഇതേ ആശങ്ക തന്നെ പങ്കുവെയ്ക്കുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.
കഴിഞ്ഞ കാലങ്ങളിലെ അനുഭവമാണ് കർഷകരെ പോലെ ഇവരേം ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. വർഷങ്ങൾക്ക് മുന്‍പ് നെല്ല് സംഭരണം നടത്തിയ വകയിൽ പല സംഘങ്ങൾക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെന്നു മാത്രമല്ല കേസും വഴക്കും നാട്ടുകാരുടെ പഴിയും കേൾക്കേണ്ടി വന്നത് ഇനിയും മറക്കാൻ സാധിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. ഈ പ്രത്യേകസാഹചര്യത്തിൽ സർക്കാർ പറയുന്നതതുകേട്ട് എങ്ങനെയാണ് യാതൊരു മുന്നൊരുക്കവും ഇല്ലാതെ വീണ്ടുമൊരു സംഭരണത്തിലേക്ക് കടക്കുക.
നെല്ലിന്റെ വില ഇക്കുറി പി ആർ എസ് വായ്പ അവസാനിപ്പിച്ച് നേരിട്ട് നല്‍കുമെന്നാണ് സർക്കാർ പറയുന്നതെങ്കിലും അതിനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ലെന്നു മാത്രമല്ല ഭൂരിഭാഗം കർഷകരുടെയും അക്കൗണ്ടുകൾ മറ്റു ബാങ്കുകളിലാണ്.
കൂടാതെ ഐ. എഫ് . എസ്. സി. കോഡ്, നെറ്റ് ബാങ്കിങ്ങ്, ചെക്കിന് അംഗീകാരം എന്നിവയില്ലെന്നു പറഞ്ഞ് പ്രാഥമിക സഹകരണസംഘങ്ങളെ നെല്ലുവില വിതരണത്തിൽ നിന്ന് നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു. ഇപ്പോഴും ഇതിൽ മാറ്റമൊന്നും വരുത്തിയിട്ടുമില്ല. പിന്നെങ്ങനെ നെല്ലിന്റെ വില സമയബന്ധിതമായി കർഷകർക്ക് നല്കാൻ കഴിയുമെന്നും ഇവർ ചോദിക്കുന്നു.
ഇനി ഇതെല്ലാം മാറ്റിവെച്ച് സഹകരണസംഘങ്ങൾ വഴി നല്കാമെന്നുവച്ചാൽ തന്നെയും അതിനായി അവർ ഇനിയും പുതിയ അക്കൗണ്ടുകൾ തുറക്കേണ്ടിവരും . ഇത് കർഷകരെ സംബന്ധിച്ചിടത്തോളം പുതിയൊര് ബുദ്ധിമുട്ടിന് കൂടി വഴിവെയ്ക്കുന്നതാണ്.
ഇങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് നടുവിലാണ് ഇത്തവണ പുഞ്ചക്കൊയ്തത്തിന്റെ സീസൺ ആരംഭിച്ചിരിക്കുന്നത് . ഇതു തന്നെയാണ് കർഷകരെ ആശങ്കപ്പെടുത്തുന്നതെന്നും പറയാം.
Kerala
ചമ്പക്കുളം: കുട്ടനാട്ടിൽ പുഞ്ചകൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ തണ്ടുതുരപ്പൻ (കുട്ടൻ കുത്ത് )ആക്രമണം രൂക്ഷം. വിതച്ച് 30 ദിവസം വരെ പ്രായമായ നെൽച്ചെടികളിലാണ് ഇത് രൂക്ഷമായി കണ്ടുവരുന്നത്.
യഥാസമയം കീടനാശിനി പ്രയോഗം നടത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും കീടബാധ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. നെടുമുടി കൃഷിഭവന് കീഴിലുള്ള മണപ്രാ തെക്ക് പാടശേഖരത്തിൽ കൃഷിയിറക്കിയിട്ട് 47 ദിവസമായി. 30 ദിവസമായപ്പോൾ ഉണ്ടായ തണ്ടുതുരപ്പൻ ആക്രമണം ഇപ്പോഴും പൂർണമായി മാറിയിട്ടില്ല.
നെൽച്ചെടികളുടെ തണ്ട് തുരന്ന് കയറുന്ന പ്രാണിവർഗത്തിൽപെട്ട കീടങ്ങളുടെ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. തണ്ട് തുരന്ന് അകത്തു കയറി ചെടിയുടെ പുതിയ നാമ്പുകളെ ആക്രമിക്കുന്നതുമൂലം ചെടികൾ സമൂലം നശിച്ച് പോകുകയാണ്. യഥാസമയം കണ്ടെത്താനും പ്രതിരോധപ്രവർത്തനം നടത്താനും സാധിച്ചെങ്കിൽ മാത്രമേ കുറച്ചെങ്കിലും ചെടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയൂ.
നെൽച്ചെടിയുടെ യൗവനകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 25-50 ദിവസങ്ങളിൽ ചെടിക്കുണ്ടാകുന്ന ഈ കീടബാധ ഉത്പാദനത്തെ സാരമായി ബാധിക്കും. കർഷകർ കൃഷി ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം കീടനാശിനികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കീടങ്ങളെ പൂർണമായി തുരത്താൻ കഴിഞ്ഞിട്ടില്ല. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും പുഞ്ചകൃഷി ചെയ്യുന്ന പല പാടശേഖരങ്ങളിലും കീടബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വെള്ളപ്പൊക്ക കെടുതികൾ മൂലം രണ്ടാം കൃഷി ഒഴിവാക്കി പുഞ്ച കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളും വിതച്ചിട്ട് ഒരു മാസത്തിലേറെയായി. ആദ്യ വളപ്രയോഗ സമയത്ത് കീടനാശിനികൾകൂടി ഉപയോഗിച്ച നിലങ്ങളിൽ തണ്ടുതുരപ്പന്റെ ആക്രമണം കുറവാണെന്ന് കർഷകർ പറയുന്നു. ഒരേക്കറിൽ കീടനാശിനി തളിക്കാൻ 4000 രൂപയോളം ചെലവ് വരുന്നുണ്ട്.
District News
ആന്റണി ആറില്‍ചിറ
മനോഹരമായ നെല്‍വയലുകളും പച്ചപുതച്ച പാടങ്ങളും കാലത്തിനനുസരിച്ച് വേഷം മാറ്റുന്ന കുട്ടനാട്. പ്രകൃതിഭംഗിയും നെല്കൃഷിയുംകൊണ്ട് ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന ഭൂപ്രദേശം. ഇന്ന് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നടത്തുന്ന ഇരുപ്പൂ കൃഷി ചെയ്തുവരുന്ന നിലങ്ങള്‍ക്കു പറയാനുള്ള കൃഷിഗാഥകള്‍ ഏറെയാണ്. ഒരാണ്ട്, ഈരാണ്ട്, മൂവാണ്ട് കൃഷികള്‍ നടന്നിരുന്ന ഒരു പ്രദേശത്തിന്റെ പെരുമ പുതിയ തലമുറ അറിയേണ്ടതുതന്നെ. അതായത്, ആണ്ടുവട്ടത്തില്‍ ഒന്ന്, രണ്ട് ആണ്ടു കൂടുമ്പോള്‍ ഒന്ന്, മൂന്നാണ്ട് കൂടുമ്പോള്‍ ഒന്ന് എന്ന രീതിയില്‍ കൃഷി നടന്ന പ്രദേശം. രാസവളങ്ങള്‍ പാടങ്ങളിലെത്താതിരുന്ന കാലം. മണ്ണിന്റെ സ്വഭാവിക ഉത്പാദനക്ഷമത വീണ്ടെടുക്കുന്നതിനുവേണ്ടി പഴനിലമായി ഇട്ടിരുന്ന കൃഷിരീതികള്‍ പിന്തുടര്ന്നിരുന്ന പ്രദേശം.
1966 മുതല്‍ കുട്ടനാട്ടില്‍ വര്‍ഷത്തില്‍ രണ്ടു കൃഷി ആരംഭിച്ചു. ചാരവും ചാണകവുമായിരുന്നു അന്നത്തെ പ്രധാന വളങ്ങള്‍. കുട്ടനാട്ടിലേക്കെത്തുന്ന ഉപ്പുവെള്ളം തടയാന്‍ തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും കാവൽത്തടയണ കളായി. കേരളം പിറക്കുമ്പോള്‍ കുട്ടനാട്ടില്‍ കൃഷിയിടത്തിലെ വെള്ളം വറ്റിച്ചിരുന്നത് മനുഷ്യര്‍ ചവിട്ടുന്ന വലിയ ചക്രങ്ങളായിരുന്നു. അപൂര്‍വം ചില ഇടങ്ങളില്‍ മണ്ണെണ്ണയും ഡീസലും ഉപയോഗിക്കുന്ന മോട്ടോറുകളെ ജനം ഇഞ്ചനെന്നു വിളിച്ചു. അന്ന് ഉപയോഗിച്ചിരുന്ന ഇഞ്ചനുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തെ ഓര്‍മപ്പെടുത്തുന്ന ഒരു കൊയ്ത്തുപാട്ടിന്റെ വരികള്‍ ഇങ്ങനെയായിരുന്നു.
“വെട്ടിക്കരി
പാടത്തൊരു
പഷ്ടൊരിഞ്ചന് വച്ചു,
പെട്ടന്നൊരു പൊട്ടു പൊട്ടി,
എട്ടു പേര് നഷ്ടമായി.’’
എഞ്ചിനുകളെ പോലും പേടിയോടെ കണ്ടൊരു കാലമായിരുന്നത്.
കൃഷിയിടത്തില്‍ കൊയ്ത്തുയന്ത്രം പോയിട്ട് നിലം ഉഴുന്ന യന്ത്രങ്ങള്‍ പോലും ലഭ്യമല്ലാതിരുന്ന കാലം. കന്നുകാലികളും മനുഷ്യരും പ്രകൃതിയും ചേര്‍ന്നുള്ള ഒരു ഒളിച്ചുകളിയായിരുന്നു അന്നത്തെ കുട്ടനാടന്‍ നെല്‍കൃഷി.
കൃഷിയിടത്തിലെ കൂലിയൊക്കെ നെല്ലില്‍ നല്‍കിയിരുന്ന സമയം. മോഡേണ്‍ മില്ലിന്റെ സ്ഥാനത്ത് നാടന്‍ റൈസ് മില്ലു പോലും കണികാണാനില്ലായിരുന്നു. നെല്ലു മുഴുവന്‍ ഉരലില്‍ കുത്തി അരിയാക്കിയിരുന്നു, കുട്ടനാട്ടിലെ പഴയ തലമുറ.
വൈദ്യുതി എന്നത് കേട്ടുകേള്‍വി ഇല്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് ഏക്കറുകളില്‍ മനുഷ്യരിറങ്ങി കൃഷി ഇറക്കിയിരുന്ന കാലം.
ആഴ്ചകളും മാസങ്ങളും കായല്‍ ചിറകളില്‍ പന്തൽകെട്ടി താമസിച്ചു കൃഷി ചെയ്ത കുട്ടനാട്ടിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഒരു കാലമായിരുന്നു കേരളപ്പിറവി സമയം. കാലം കടന്നു പോയപ്പോള്‍ കൃഷി മാറി, കൃഷിരീതികളും. കൃഷിയിടത്തിലെ ബന്ധങ്ങളും തിരികെ വരാത്തവിധം വിധം മാറിപ്പോയിരിക്കുന്നു.
District News
ചമ്പക്കുളം: കുട്ടനാട്ടിലെ വെള്ളക്കെട്ട് മാറ്റാൻ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുകയെന്നതാണ് അത്യാവശ്യം. ഇത് ആരു വറ്റിക്കുമെന്നതാണ് ചോദ്യം. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാണ്. വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും നശിക്കും.
ജീവിതം പ്രതിസന്ധിയിൽ
മഴ മാറിനിന്നാലും വെള്ളത്തിൻറെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളിൽ ഒഴുകിയെത്തിയ വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല എന്നതാണ് അനുഭവം. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള മാർഗങ്ങളില്ല എന്നതാണ് പ്രശ്നം. ഇതു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തെപ്പോലും പ്രതിസന്ധിയിലാക്കുന്നു.
വെള്ളക്കെട്ട് മൂലം പല സ്കൂളുകളും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20-ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി. കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിൻറെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്. അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും. കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും.
തുക കൂട്ടണം
പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിന്റെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്. വെള്ളം വറ്റിക്കലിന്റെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിന്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.
പാടശേഖര സമിതികൾ നട്ടം തിരിയുന്നു
പുറംബണ്ടുകൾ ഒരുപരിധി വരെ ഉയർന്നതും ബലമുള്ളതുമായ നിരവധി പാടശേഖരങ്ങൾ കുട്ടനാട്ടിലുണ്ട്. രണ്ടാം കൃഷിയില്ലെങ്കിൽ പന്പിംഗ് നടക്കാറില്ലെന്നതിനാൽ, വിവിധ സർക്കാർ പദ്ധതികളിലൂടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ള പാടശേഖര പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായാൽ വെള്ളം കയറും. ഇങ്ങനെ കയറുന്ന വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചാൽ വെള്ളക്കെട്ടിനു പരിഹാരമാകും.
ആറ്റിലും തോട്ടിലുമൊക്കെ ജലനിരപ്പു താഴ്ന്നു നിൽക്കുന്ന അവസരങ്ങളിൽ മോട്ടോർ നടത്താതെ തന്നെ ഷട്ടറുകളും തൂന്പുകളും ആവശ്യാനുസരണം തുറന്നുവച്ചും പെയ്ത്തുവെള്ളം പുറത്തെത്തിക്കാനാവും. റവന്യു വകുപ്പിനു കീഴിലുള്ള പുഞ്ച സ്പെഷൽ ഓഫിസറാണ് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ നിശ്ചിത തുകയ്ക്ക് ഓരോ പാടശേഖരവും കൃഷിക്കായി ലേലം ചെയ്തു നല്‍കുന്നത്.
അതിനാൽ ഓരോ കർഷകനും കൈയിൽനിന്ന് രണ്ടായിരത്തിലേറെ രൂപകൂടി ചെലവഴിച്ചാണ് പലേടത്തും വെള്ളം വറ്റിക്കൽ നടത്തുന്നത്. പുഞ്ചകൃഷി ആയാലും രണ്ടാം കൃഷി ആയാലും ആറു മാസത്തേക്കാണ് പാടം ലേലം ചെയ്തു നല്‍കുന്നത്.
കാലാവധി കഴിഞ്ഞാൽ കരാർ എടുത്തിരുന്ന ആൾ മോട്ടോറും മറ്റ് സാമഗ്രികളും എടുത്തുമാറ്റും. വൈദ്യുതി വകുപ്പ് വൈദ്യുതിയും വിച്ഛേദിക്കും. ഒരു കൃഷി മാത്രം ചെയ്യുന്ന പാടശേഖരങ്ങളിൽ പിന്നീടുള്ള ആറുമാസം വെള്ളം വറ്റിക്കാൻ മോട്ടോർ ഉണ്ടാവില്ല.
ചിലേടങ്ങളിൽ, നാട്ടുകാരുടെ നിർബന്ധത്തെത്തുടർന്നു മോട്ടോർ തുടർന്നു പ്രവർത്തിപ്പിച്ച് നിയന്ത്രിത അളവിൽ വെള്ളം വറ്റിക്കാറുണ്ട്. മോട്ടോർ വാടക, ഡ്രൈവർ ശമ്പളം, വൈദ്യുതി ചാർജ്, മറ്റ് അറ്റകുറ്റപ്പണികൾ എല്ലാംതന്നെ പാടശേഖര സമിതികളാണ് വഹിക്കുന്നത്.
ദുരിതനിവാരണം പാടശേഖരസമിതികളുടെ ഉത്തരവാദിത്വമല്ലാത്തതിനാൽ, നെൽക്കൃഷിയില്ലാത്തപ്പോഴത്തെ പമ്പിംഗിനായി നിർബന്ധിക്കുന്നതിനെതിരെയും മഴക്കാലത്തെ രണ്ടാം കൃഷിക്കെതിരെയുമൊക്കെ പ്രദേശവാസികളല്ലാത്ത കർഷകരുടെ ഭാഗത്തുനിന്നും എതിർപ്പുകളും ഉയരാറുണ്ട്. ഇത്തരത്തിൽ പമ്പിംഗ് നടത്തേണ്ടി വരുന്പോൾ, കൃഷിയുടെ കാലം അല്ലാതിരുന്നിട്ടും ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന പ്രതിസന്ധിയിലാണ് കർഷകരും പാടശേഖര സമിതിയും.
സർക്കാർ ചെയ്യേണ്ടത്
കൃഷിവകുപ്പും പമ്പിംഗ് ലേലം നടത്തുന്ന റവന്യുവകുപ്പും സംയുക്തമായി ഇടപെട്ടാൽ കുട്ടനാടൻ പാടശേഖര പ്രദേശങ്ങളിലെ വെള്ളക്കെട്ടു ദുരിതനിവാരണവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും പരിഹാരം കണ്ടെത്താമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
* പമ്പിംഗ് ലേലം നടത്തുന്ന കാലാവധി ഒരു കൃഷി എന്നതിനു പകരം രണ്ട് കൃഷി ഉൾപ്പെടുന്ന ഒരു വർഷം എന്നാക്കണം. പമ്പിംഗ് സബ്സിഡി തുക കൂട്ടണം.
* എല്ലാ പാടശേഖരങ്ങൾക്കും സ്ഥിരം വൈദ്യുതി കണക്ഷൻ നൽകണം.
* ഒരു കൃഷി മാത്രം ചെയ്യുന്ന പാടങ്ങളിലും കൃഷിക്കു ശേഷം വെള്ളം വറ്റിക്കാൻ തുക അനുവദിക്കണം.
* പാടശേഖരത്തിന്റെ ആകെ ഭൂവിസ്തൃതി കണക്കാക്കി ആനുകൂല്യം നൽകണം.
* കൃഷി ഇല്ലാത്ത കാലത്തെ പമ്പിംഗും ലേല വ്യവസ്ഥയിൽ ഉൾപ്പെടുത്തണം.
* പെട്ടിക്കും പറയ്ക്കും പകരം കൂടുതൽ ശക്തിയുള്ള ജെറ്റ് പമ്പുകൾ പ്രോത്സാഹിപ്പിക്കണം.
* പാടശേഖരത്തിന്റെ പുറംബണ്ടുകൾ ബലപ്പെടുത്തി ഉയർത്തണം.
* നിയന്ത്രിത പമ്പിംഗ് സംബന്ധിച്ച കാര്യങ്ങളിൽ ഒരു പ്രാദേശിക സമിതിയുടെ മേൽനോട്ടം ഉണ്ടാകണം. സമിതി വേണം വെള്ളപ്പൊക്ക കാലത്തെ നിയന്ത്രിത പമ്പിംഗ് അവലോകനം നടത്തേണ്ടത്.
* ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതി വിഹിതത്തിൽ ഇതിനു തുക വകയിരുത്തണം.
Kerala
ആലപ്പുഴ: വിവാദങ്ങൾക്കിടെ ജി.സുധാകരൻ സിപിഎം വേദിയിലേക്ക്. ഇന്ന് കുട്ടനാട്ടിൽ നടക്കുന്ന വി.എസ്.അച്യുതാനന്ദൻ സ്മാരക പുരസ്കാര സമര്‍പ്പണത്തിലാണ് അദ്ദേഹം പങ്കെടുക്കുക.
വർഷങ്ങൾക്ക് ശേഷമാണ് സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കും.
നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി.സുധാകരനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്.
ക്ഷണം സ്വീകരിച്ചെന്നും പരിപാടിയിൽ പങ്കെടുക്കുമെന്നും ജി സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ രംഗത്തെത്തിയിരുന്നു.
Kerala
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
2014ലെ പക്ഷിപ്പനിയുടെ കാലത്ത് കുട്ടനാട്ടിലെ താറാവ് കർഷകർ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒന്നിച്ചുകൂടുകയുണ്ടായി. 1080 താറാവ് കർഷക കുടുംബങ്ങളായിരുന്നു അന്ന് ആലപ്പുഴയിൽ ഒന്നിച്ചുകൂടിയത്. എന്നാൽ 2024 ആയപ്പോഴേക്കും കുട്ടനാട്ടിലെ താറാവ് കർഷകരുടെ എണ്ണം നൂറിൽ താഴെയായി കുറഞ്ഞു. കുട്ടനാട്ടിലെ താറാവ്കൃഷി നേരിടുന്ന വെല്ലുവിളികൾ കർഷകരെ താറാവ്കൃഷിയിൽനിന്നു പിന്നോട്ടടിച്ചിരിക്കുന്നു. പത്ത് വർഷംകൊണ്ട് താറാവ്കർഷകരുടെ എണ്ണം പത്തിലൊന്നായി കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് പ്രതിവിധി നിർദേശിക്കേണ്ടവരുടെ അലംഭാവം ബാക്കിയുള്ള കർഷകരെ കൂടി ഈ മേഖലയിൽനിന്ന് പിൻമാറാൻ നിർബന്ധിതരാക്കുന്നു.
പക്ഷിപ്പനിയും മറ്റു രോഗങ്ങളും
2014ൽ കുട്ടനാടൻ പ്രദേശത്ത് അവതരിച്ച പക്ഷിപ്പനിയാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ താറാവ് കർഷകർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പക്ഷിപ്പനിയുടെ പേരിൽ, താറാവിന്റെ മാംസവും മുട്ടയും ഉപയോഗിക്കാൻ നിരോധനം ഏർപ്പെടുത്തി. പക്ഷിപ്പനിയുടെ പേരിൽ ഒരു പറ്റം ആളുകൾ താറാവിനെ കൊന്നൊടുക്കിയപ്പോൾ മറ്റ് ചില കർഷകർ പ്രതിരോധ മരുന്നുകൾ നല്കി വലിയ മുതൽമുടക്കിൽ തങ്ങളുടെ താറാവുകളെ സംരക്ഷിച്ചു. എന്നാൽ അങ്ങനെ സംരക്ഷിച്ച താറാവിന്റെ മുട്ട നിരോധനം നിമിത്തം ഉപേക്ഷിക്കേണ്ടിവന്നു. പതിനായിരക്കണക്കിന് മുട്ടകളാണ് അന്ന് കർഷകർ ഓരോ ദിവസവും നശിപ്പിച്ചു കളയാൻ നിർബന്ധിതരായത്. എന്നാൽ പ്രതിരോധ മരുന്നുകൾ നല്‍കാതെ താറാവിനെ കൊല്ലാൻ വിട്ടുകൊടുത്തവർക്ക് ഇൻഷ്വറൻസും നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ താറാവിനെ കൊല്ലാതെ പരിരക്ഷിച്ചവർക്ക് ലക്ഷങ്ങളുടെ ബാധ്യത മാത്രം ബാക്കിയായി.
ഇന്നും ഇടവേളകളിൽ എത്തുന്ന പക്ഷിപ്പനിയെപ്പറ്റി ആധികാരികമായ പഠനങ്ങളോ സത്യസ്ഥിതിയുടെ വെളിപ്പെടുത്തലോ ഉണ്ടാകുന്നില്ല.
മറുനാടൻ താറാവുകൾ
ഇന്ന് കുട്ടനാടൻ താറാവ് എന്ന പേരിൽ കേരളത്തിന്റെ മിക്ക ഇടങ്ങളിലും ലഭിക്കുന്നത് മറുനാടൻ താറാവാണ്. കുട്ടനാടിന്റെ തനത് ശൈലിയിൽ സമയമെടുത്ത് വളർത്തുന്ന കുട്ടനാടിന്റെ തനത് ഇനങ്ങളായ ചാരയോടും ചെമ്പല്ലിയോടും സാമ്യം തോന്നുന്ന മറുനാടൻതാറാവുകൾ വിപണി പിടിച്ചടക്കുന്നത് കുട്ടനാടൻ താറാവ് കർഷകരുടെ പ്രധാന ഭീഷണിയായി മാറിയിട്ടുണ്ട്.
നാലു മാസംകൊണ്ട് വളർച്ചയെത്തുന്ന താറാവിനെ മുട്ടയ്ക്കും മാംസത്തിനും എന്നിങ്ങനെ വേർതിരിക്കും. മാംസത്തിനുള്ളവയെ മാർക്കറ്റിലേക്കും മുട്ടയ്ക്കുള്ളവയെ തുടർ പരിപാലനത്തിനും മാറ്റും. എന്നാൽ വിപണിയിൽ എത്തിക്കുന്ന താറാവിന് കർഷകർക്കുണ്ടായ പരിപാലന ചെലവിന് ആനുപാതികമായ വിലപോലും ലഭിക്കാതെ പോകുന്നു. വഴിയോര വില്പന കേന്ദ്രങ്ങളിലും കേന്ദ്രീകൃത വില്പന കേന്ദ്രങ്ങളിലും താറാവൊന്നിന് 400 രൂപയ്ക്ക് അടുത്തോ അതിന് മുകളിലോ ആണ് വില. എന്നാൽ തനി നാടൻ താറാവുകളുടെ ഹോൾസെയിൽ മാർക്കറ്റ് വില 250 രൂപയിൽ താഴെയാണ്.
പ്രതിവിധി
=മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന താറാവിന് നിശ്ചിത നികുതി ചുമത്തണം. ഇറക്കുമതി ചെയ്യുന്ന താറാവുകളുടെ വില നാടൻ താറാവുകളുടെ വിലയേക്കാൾ താഴെയാവുന്നില്ല എന്ന് ഉറപ്പു വരുത്തണം.
=ഇറക്കുമതി ചെയ്യുന്ന താറാവിന് ചുമത്തുന്ന നികുതിയിൽ ഒരു വിഹിതം താറാവ്കർഷകരുടെ ക്ഷേമത്തിനായി വിനിയോഗിക്കണം.
=താറാവിന് തൂക്കത്തിന് ആനുപാതികമായി നിശ്ചിത തുക നിശ്ചയിച്ച് നല്‍കുകയും അത് കർഷകർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഇതനുസരിച്ചാകണം കമ്പോള വില.
=കൃത്യമായ ഇടവേളകളിൽ കമ്പോളവില നിശ്ചയിക്കുന്നതിനും മാറ്റം വരുത്തുന്നതിനും വേണ്ട നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം.
=താറാവ്കൃഷിയുടെ ഇൻഷ്വറൻസ് കൂടുതൽ കാര്യക്ഷമവും കർഷക സൗഹൃദവും ആകണം.
=പക്ഷിപ്പനിയെക്കുറിച്ച് വ്യക്തമായ പഠനം നടത്തുകയും താറാവിനെ കൊന്നു തള്ളുന്നതിന് പകരം സർക്കാർ ചെലവിൽ പ്രതിരോധ മരുന്നുകൾ നല്കി സംരക്ഷിക്കുന്നതിന് വേണ്ട നടപടിയെടുക്കുകയും വേണം.
=പക്ഷിപ്പനിയുടെ പേരിൽ താറാവിനെ കൊല്ലേണ്ടി വന്നാൽ, കൊല്ലുന്ന താറാവിന്റെ എണ്ണത്തിലും നഷ്ടപരിഹാര നിർണയത്തിലും സുതാര്യത കൊണ്ടുവരണം.